Saturday, January 20, 2018

മൂകതയുടെ മാനിഫെസ്റ്റോ

മൂകതയുടെ മാനിഫെസ്റ്റോ |




ആദർശ് ഓണാട്ട് |



അകമേ ചുരക്കുന്ന വൈയക്തിക സങ്കടങ്ങൾക്ക് മുന്നിലെ മൗനപ്രാർത്ഥനയാണ് ഹാൻ കാങ്ങിന്റെ പുതിയ പുസ്തകം.മൂകവേദനകളുടെ സഞ്ചയമാണ് കാങ്ങിന്റെ ഈ പുസ്തകം. ഉള്ളിലെ ശോകാത്മക മന്ത്രണങ്ങളുടെ മാനിഫെസ്റ്റോ എന്നാണ് ഈ പുസ്തകത്തെ 'ദി ഇക്കണോമിസ്റ്റ്' മാസിക വിശേഷിപ്പിച്ചത്. 

 "ഇരുപത്തിരണ്ട് വയസ്സായ ആ സ്ത്രീ വീട്ടില്‍ തനിച്ച്  കിടന്നു. മഞ്ഞിന്‍ കണങ്ങള്‍ പുല്‍നാമ്പില്‍ നിന്ന് വിട്ട്മാറാതെ തൂങ്ങിനിന്ന ഒരു  ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അത്. കയ്യിൽ  മണ്‍വെട്ടിയുമായി  ഇരുപത്തിയഞ്ചുകാരനായ അവരുടെ ഭര്‍ത്താവ് കുന്നിന്‍ മുകളിലേക്ക് അന്നേരം കയറുകയായിരുന്നു. മണിക്കൂറുകള്‍ മുന്‍പ് മാത്രം ജനിച്ച്, മരിച്ചു പോയ കുഞ്ഞിനെ കുഴിച്ചിടാന്‍. തിണര്‍ത്തു വീങ്ങിയ കണ്ണുകള്‍ ആ സ്ത്രീക്ക് തുറക്കാന്‍ സാധിക്കുമായിരുന്നില്ല. അവരുടെ സന്ധികള്‍ വേദനിച്ചു, വീങ്ങിയ കൈമുട്ടുകള്‍ കല്ലിച്ചു നിന്നു. അപ്പോള്‍, ആദ്യമായി, ഇളംചൂട് അവരുടെ മാറിലേക്ക്‌ ഒഴുകിയിറങ്ങുന്നതായി അവര്‍ക്ക് തോന്നി. അവർ മെല്ലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റു, തിടം വെച്ച മുലകളെ ഞെക്കിപിഴിഞ്ഞു. ആദ്യം മഞ്ഞനിറമാറന്ന ഒരു ദ്രാവകം കിനിഞ്ഞു. പിന്നെ തൂവെള്ള നിറത്തില്‍ പാല്‍ ചുരന്നു." 

പിറന്ന് വീണയുടന്‍ മകള്‍ മരിച്ചു പോയ അമ്മയെക്കുറിച്ച് തെക്കൻ കൊറിയക്കാരിയായ ഹാങ്ങ്‌ കാങ് തന്‍റെ പുതിയ പുസ്തകമായ 'ദി വൈറ്റ് ബുക്കിലെ'  എഴുതിയ മുലപ്പാല്‍ എന്ന കുറിപ്പാണ്. കല്ലിച്ചു പോകുന്ന ഹൃദയവിഷാദതയോടല്ലാതെ ഈ പുസ്തകത്തിലെ കുറിപ്പുകള്‍ ഒക്കെയും വായിച്ച് അവസാനിക്കാന്‍ കഴിയില്ല.

അകമേ ചുരുക്കുന്ന വൈയക്തിക സങ്കടങ്ങൾക്ക് മുന്നിലെ മൗനപ്രാർത്ഥനയാണ് ഹാൻ കാങ്ങിന്റെ പുതിയ പുസ്തകം.മൂകവേദനകളുടെ സഞ്ചയമാണ് കാങ്ങിന്റെ ഈ പുസ്തകം. ഉള്ളിലെ ശോകാത്മക മന്ത്രണങ്ങളുടെ മാനിഫെസ്റ്റോ എന്നാണ് ഈ പുസ്തകത്തെ 'ദി ഇക്കണോമിസ്റ്റ്' മാസിക വിശേഷിപ്പിച്ചത്. 
നോവലെന്നോ, കവിതകളെന്നോ അതുമല്ലെങ്കിൽ ആത്മകഥാ കുറിപ്പുകളോ ഒക്കെയായി ഓരോ വായനക്കാരനും അവരുടെ സൗകര്യത്തിനു വായിച്ചെടുക്കാവുന്ന പുസ്തകമാണ് ഇത്. എഴുത്തുകാരിയോട് തന്നെ ഇതേതു വിഭാഗത്തിൽ പെടുമെന്ന് ചോദിച്ചാൽ വ്യത്യസ്തമായ മറ്റൊരു മറുപടി ലഭിക്കുകയില്ല എന്ന് തീർച്ചയാണ്. ശോകപ്രകൃതമെങ്കിലും കാവ്യാത്മകമാണ് ഇതിന്റെ ഭാഷ. 128 പേജുകൾ മാത്രം വരുന്ന ഈ പുസ്തകം സമീപകാലത്തിറങ്ങിയ കാൾ ഓവ് നൊസ്സഗാർഡിന്റെ 'Autumn' എന്ന പുസ്തകത്തോട് അടുത്ത് നില്‍ക്കുന്നു. വെളുത്ത നിറത്തെ മുന്‍നിര്‍ത്തിയാണ് ഹാന്‍ കാങ്ങിന്റെ ആഖ്യാനം. വെളുത്ത നിറം മരണ ദുഖത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. 

പിറന്ന് മണിക്കൂറുകൾ മാത്രം ജീവൻ നിന്ന സഹോദരിയുടെ വേർപാട് തന്റെ ജീവിതത്തിൽ എങ്ങനെയൊക്കെ ആഴത്തിൽ അനുഭവപ്പെട്ടെന്നു പറയുകയാണ് ഹാൻ കാങ് പുതിയ പുസ്തകത്തിൽ. അവരുടെ തന്നെ 'ഹ്യൂമൻ ആക്ടസ് ',  ഇന്റർനാഷണൽ ബുക്കർ ലഭിച്ച 'ദി വെജിറ്റേറിയൻ 'എന്നിവയിൽ നിന്നും വ്യത്യസ്തമാണ് ഈ പുസ്തകം. 

'ദി വെജിറ്റേറിയൻ ' ഭ്രമാത്മകമായൊരു സാഹിത്യ വിരുന്നായിരുന്നു. തെക്കൻ കൊറിയയിലെ യി സാങ് എന്ന കവിയുടെ വിശ്രുത വരിയായ് 'മനുഷ്യൻ തീർച്ചയായും സസ്യമായിരിക്കണം' നിന്നും കാങ് പ്രചോദനം കൊണ്ടതാണ് ആ പുസ്തകം. ചെറുതിലെ വായിച്ച ആ കവിതാശകലം ഹാൻ കാങ്ങിനെ കൗമാരത്തിലും, പിന്നീട് യൗവനത്തിലും പിന്തുടർന്നിരുന്നു. ഉള്ളിലെ ഉള്ള മനുഷ്യത്വത്തോടുള്ള കൂറിൽ നിന്നാണ് ഒരു രാത്രി വെളുത്തു മാത്രം സസ്യഭുക്കായി മാറുന്ന  യിയോങ് ഹേ എന്ന വീട്ടമ്മയെ അവർ സൃഷ്ട്ടിക്കുന്നത്. 'ഹ്യൂമൻ ആക്ടസ് ' പക്ഷേ കുറച്ചൂടെ ചരിത്രപരമാണ്.  1980ലെ ഗ്വാഗ്ഞ്ചു കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് ആ നോവൽ. രണ്ടും കാങ്ങിലെ പ്രതിഭയുടെ വെവിധ്യത്തെ പ്രകാശിപ്പിക്കുന്നതാണ്. 
ജീവിതത്തെ കുറിച്ച് ഉള്ള സന്ദേഹങ്ങളെ ദാർശനികത്വം നിറച്ചവതരിപ്പിക്കുന്നതിൽ കാങ്ങിന്റെ വൈദഗ്ത്യത്തെ എത്ര ശ്ലാഘിക്കുച്ചാലും മതിയാവുകയില്ല. ഒപ്പം ദെബോരാ സ്മിത്തിന്റെ വിവർത്തന മികവിനേയും. 

"വസന്തത്തിൽ വെളുത്ത വസ്തുക്കളെക്കുറിച്ചു എഴുതുവാൻ തീരുമാനിച്ചപ്പോൾ ഞാൻ ചെയ്തത് അതിനെ പറ്റി ഒരു പട്ടിക തയ്യാറാക്കുകയായിരുന്നു. 

കൈക്കുഞ്ഞിനെ പൊതിയുന്ന തുണി 
കുട്ടിയുടുപ്പ് 
ഉപ്പ് 
ഹിമം
മഞ്ഞുകട്ടി 
ചന്ദ്രൻ 
അരി 
തിരമാലകൾ 
യുലാൻ പൂവ് 
വെളുത്ത പക്ഷി 
ലേഖാശൂന്യമായ പേപ്പർ
വെളുത്ത നായ 
വെളുത്ത മുടി 
ശവമുഖത്തുണി. 

ഇതോരോന്നും എഴുതുമ്പോൾ,  എന്നിലൂടെ അസ്വാസ്ഥ്യത്തിന്റെ ചെറുതിരകൾ  അലയടിച്ചിരുന്നു. എന്നിൽ പക്ഷേ ഈ പുസ്തകം എഴുതുന്നതിന്‍റെ ശരിയെ പറ്റി അവബോധം ഉണ്ടായിരുന്നു. എഴുത്തു എന്നിൽ പരിവർത്തനം കൊണ്ട് വരുമെന്ന് എനിക്ക്  അറിയാമായിരുന്നു. തിണർത്ത മുറിവിൽ വെളുത്ത ഓയിന്റ്മെന്റ് പുരട്ടുന്നത് പോലെയോ,  വൃണത്തിൽ വെളുത്ത തുണി പൊതിഞ്ഞു മറക്കുന്നത് പോലെയാകാം അത്." 

തന്റെ ഉള്ളിലെ തോരാത്ത വേദനകൾക്കുമേൽ മരുന്ന് വെക്കൽ ആണ് എഴുത്തെന്നു പറഞ്ഞു വെക്കുകയാണ് എഴുത്തുകാരി. ശൈത്യകാലത്ത് അവിചാരിതമായി ലഭ്യമായ എഴുത്ത് സ്കോളർഷിപ്പുമായി ബന്ധപെട്ടു പോളണ്ടിലെ വർസേയിൽ കഴിയുകയായിരുന്നു അവർ. മഞ്ഞു പൊഴിയാൻ തുടങ്ങുന്നൊരു രാത്രിയിൽ നിനച്ചിരിക്കാതെ എത്തിയ മൈഗ്രൈൻ അവരെ വല്ലാതെ വിമ്മിട്ടപ്പെടുത്തുന്നു. മരുന്നിൽ അഭയം തേടിയിട്ടും ഒഴിയാതെ ആ അസ്വാസ്ഥ്യം അവരെ അലോസരപ്പെടുത്തുന്നു. ഒന്നിനും കെൽപ്പില്ലാത്ത, മൈഗ്രൈൻ പിടിയിൽ അവർ ശരീരവേദനയെ പറ്റി വല്ലാതെ വേവുന്നു. അത് എല്ലായിപ്പോഴും ജാഗ്രത്തായി ഇരിക്കാൻ പ്രേരിപ്പിക്കുന്നതാണെന്നു അവർ പറയുന്നു. 

"ഓരോ നിമിഷവും അദൃശ്യമായ ഒരു മലഞ്ചെരുവിൽ നിന്നുള്ള കുതിച്ചു ചാട്ടമാകുന്നു. ഇതേ വരെ ജീവിച്ച ജീവിതത്തിൽ നിന്നും ആപത്കരമായ ശൂന്യതയിലേക്കു ഒരു ചവിട്ടടി വെക്കുന്ന പോലെ.  എന്തെങ്കിലും പ്രത്യേക നെഞ്ചുറപ്പിൽ നിന്ന് അല്ല മറിച്ചു മറ്റൊരുവഴിയും ജീവിതത്തിൽ ഇല്ല എന്ന തിരിച്ചറിവിൽ നിന്നും നമ്മൾ അത്തരം ഒരു സാഹസത്തിനു മുതിരുന്നത്. 

ഹാൻ കാങ്ങിന്റെ സങ്കടക്കടലിൽ പെട്ടു പോകാൻ അധികം സമയം വേണ്ടിവരുന്നില്ല. പരസ്പരം ബന്ധിതമല്ലാത്ത ജീവിതത്തിലെ നിത്യവസ്തുക്കളിൽ ജീവിതത്തിന്റെ ബന്ധം തേടുകയാണ് എഴുത്തുകാരി. 

വിവേകാനന്ദൻ്റെ നിവേദിത, ഇന്ത്യയുടേയും...

ഏറെക്കുറെ വിസ്മൃതിയില്‍ പൂണ്ടുപോയൊരു ജീവിതമാണ് സിസ്റ്റര്‍ നിവേദിതയുടേത് . സ്വാമി വിവേകാനന്ദന്‍റെ പ്രിയപ്പെട്ട ശിഷ്യ. അദ്ദേഹത്തിനൊപ്പം ഓ...